Tuesday, July 5, 2011

കാറ്റിന്‍ ചതികള്‍

ആര്‍ത്ത മേഘങ്ങളുടെ   ഇടയ്ക്കിടെ മായുന്ന സൂര്യരാശിയില്‍    കണ്ണന്‍ നിന്ന് തിളങ്ങി. നോക്കെത്തുന്ന ദൂരം ആരുമുണ്ടായിരുന്നില്ല. കണ്ണനും കടല്‍ക്കരയും കാറ്റും പിശറും മാത്രം. മഴ വന്ന് വീഴുമെന്ന് തോന്നിക്കുന്ന ആക്സ്മികത.

ഈ കണ്ണു നീര്‍ എന്റെ സ്വപ്നത്തിന്റേതാണ്, കുട്ടിയെ ഒരുക്കുന്നതിനിടെ രേണുക ഉറക്കെപ്പറഞ്ഞു. കുട്ടി അനങ്ങാതെ നില്‍ക്കുകയായിരുന്നു. വലിയ കളിപ്പാട്ടങ്ങള്‍ ഒപ്പം കൂട്ടാനാവില്ല എന്നതു മുതല്‍ കുട്ടി അസ്വസ്ഥനായിരുന്നു. കണ്ണന്‍ കടലിനപ്പുറത്തേക്ക് നോക്കുവാനായി ശ്രമിച്ചു. രേണുക പറയുന്നതെല്ലാം കാറ്റിനു സമര്‍പ്പിച്ചു കൊണ്ട് അയാള്‍ ഇറങ്ങി നടന്നു. മഴയുടെ ആരവം കേള്‍ക്കാന്‍ അയാള്‍ക്ക് കൊതി തോന്നി. പക്ഷെ മഴ വന്നതേയില്ല.

 കണ്ണനു  പ്രിയപ്പെട്ടതെല്ലാം ഏതോ ഒരു തുരുത്തില്‍ കിടക്കുകയായിരുന്നു. അയാള്‍ സ്വന്തമാക്കി വച്ചിരുന്ന എല്ലാം ആ തുരുത്തിലെ കൊച്ചു കൊച്ചു കാറ്റുകളില്‍ പറന്നു കളിച്ചു. അവിടെ എവിടെയോ അയാള്‍ അവളെ കുടിയിരുത്തിയിരുന്നു. അവളുടെ നിലപ്പാവാട ആ തുരുത്തിലെ മണ്ണിലൂടെ അനുദിനം ഇഴഞ്ഞു. അയാള്‍ വന്നു ചേരുവോളം അവള്‍ ആ തുരുത്തിലൂടെ അലഞ്ഞു. അയാള്‍ വന്നതുമില്ല.

അയാളും മഴയും വരാതെയിരുന്നിട്ടും അവള്‍ പൂത്തുലഞ്ഞു നിന്നു. അവളുടെ തണലിലൂടെ വീശുന്ന കാറ്റുകള്‍ക്ക് ഉന്മേഷമുണ്ടായിരുന്നു. ആ തുരുത്തിലെ പൂക്കള്‍ എന്നും പച്ചയായി നിന്നു. അവിടെ ശലഭങ്ങളും തേനീച്ചകളും ഉണ്ടായിരുന്നില്ല. കാറ്റുകള്‍, കാറ്റുകള്‍ മാത്രം.

കണ്ണന്‍ രേണുകയെ വിട്ടു പോന്ന ശേഷം ഏഴു വര്‍ഷം മറവിയില്‍. തുരുത്തുകള്‍ക്കും കടലുകള്‍ക്കും ഇടയില്‍ അയാള്‍ സഞ്ചരിച്ചു കൊണ്ടിരുന്നു. ചിലപ്പോഴെല്ലാം ആരുടെയോ മോഹങ്ങള്‍ തട്ടിയെടുക്കാന്‍ വന്ന കടല്‍ക്കൊള്ളക്കാരനെപ്പോലെ അയാള്‍ ഭാവം മാറുന്നുണ്ടായിരുന്നു. അയാള്‍ എന്നും ഒരു പോര്‍ക്കത്തി കരുതി വെച്ചു. എല്ലാ ആഴ്ചയിലും ആ കത്തി കൊണ്ട് ഇടതു കൈത്തണ്ടില്‍ വരഞ്ഞു വെച്ചു. പോകെപ്പോകെ അയാള്‍ക്ക് ഉഗ്രഭാവം കൈവരികയായിരുന്നു. ആ കൈത്തണ്ട് കാണുന്ന സ്ത്രീകള്‍ മോഹാലസ്യപ്പെട്ടു. കൂട്ടുകാര്‍ അയാളില്‍ നിന്ന് അകലം പാലിച്ചു തുടങ്ങുകയും ചെയ്തു.

കണ്ണന്റെ കപ്പല്പ്പായയില്‍      ബലം പിടിക്കുന്ന        കാറ്റുകള്‍ അയാളെ എന്നും സമുദ്രത്തില്‍ തന്നെ നിര്‍ത്തി. അവ ഒരു തീരത്തേക്കും അയാളെ കൊണ്ടു പോയില്ല. കടലിന്റെ മണം അയാളുടെ ശ്വാസത്തിലും ത്വക്കിലും നിറയട്ടെയെന്ന അവ അയാളെ ശപിച്ചിരിക്കണം. എല്ലാ ഭൂഖണ്ഡങ്ങളിലും നിന്ന് ആളുകള്‍ അയാളെ അന്വേഷിക്കുണ്ട്. അയാള്‍ അടുക്കുന്ന തീരങ്ങളെല്ലാം കാഴ്ചയുടെ മായ കൊണ്ട് അയാളില്‍ നിന്ന് ഒളിച്ചു കളിക്കുകയാണ്.

ഒടുവില്‍ സുഷിരമുള്ള ഒരു വലിയ ചാറയിലേക്ക് അയാള്‍ ഒരു കാറ്റിനെ നിക്ഷേപിച്ചു. ആ കഥ പറയുന്നുണ്ട്, മറ്റൊരു ദിവസം.