Saturday, September 3, 2011
നീ പച്ചമരമാകുന്നു
റെയില്വേസ്റ്റേഷനില്‍ നിന്ന് വണ്ടി എടുത്താലുടന്‍ ഉറങ്ങണമെന്ന് അയാള്‍ ആഗ്രഹിച്ചു. പെട്ടി സീറ്റിനടില്‍ വെച്ച് നേരത്തെ തന്നെ ഒരു ചെയിനില്‍ കൊളുത്തി താഴിട്ട് പൂട്ടിയിട്ടുണ്ട്. പാന്‍റിന്‍റെ പോക്കറ്റില്‍ അത്യാവശ്യം രൂപ കരുതിയിട്ടുണ്ട്. വെള്ളം നിറച്ച കുപ്പികള്‍ രണ്ടെണ്ണവും കുറച്ച് പലഹാരവും പ്ലാസ്റ്റിക്ക് കവറിലുണ്ട്. വണ്ടി പുറപ്പെടാനുള്ള കൂക്ക് വിളി ഉയര്‍ന്നിട്ടും എതിരെയോ വശങ്ങളിലോ ഉള്ള സീറ്റുകളില്‍ ആരും വെന്നെത്താത്തത് അയാളെ അല്പമൊന്നതിശയിപ്പിക്കാതിരുന്നില്ല. നന്നായി. മിഡില്‍ ബെര്‍ത്ത് പൊക്കിവയ്ക്കാന്‍ ഇനി രാത്രി വരെ കാക്കേണ്ടല്ലോ. വണ്ടി എടുത്താല്‍ ഉടനെ ഉറങ്ങാം. ഇനി ഈ വണ്ടി നിര്‍ത്തുന്ന അടുത്ത സ്റ്റേഷന്‍ മൂന്നര മണിക്കൂര്‍ അകലെയാണ്. അപ്പോഴേക്കും സാമാന്യം ഇരുട്ടാകും. പിന്നീട് ആരെങ്കിലും വന്നാല്‍ തന്നെ എണീല്‍ക്കേണ്ട കാര്യവുമില്ല.
ട്രെയിന്‍ ചലിച്ച ഉടനെ തന്നെ അയാള്‍ എണീറ്റ് മിഡില്‍ ബെര്‍ത്ത് ഉയര്‍ത്തി കൊളുത്തില്‍ ഇടുകയും മീതെ ബെഡ്ഷീറ്റുകള്‍ വിരിച്ച് അതിനിടയിലുണ്ടായിരുന്ന ഊതി വീര്‍പ്പിക്കുന്ന തലയിണ പെട്ടെന്ന് കാറ്റ് നിറച്ച് അതില്‍ തല വെച്ച് സമാധാനത്തോടെ കിടപ്പാകുകയും ചെയ്തു.
നിങ്ങളെ എനിക്ക് വേണ്ട
ഒരു വെള്ളച്ചാട്ടം പോലെ അലച്ച് കരയുന്ന അവളെ ആശ്വസിപ്പിക്കാന്‍ കഴിഞ്ഞതേയില്ല. എന്ത് പറഞ്ഞ് ആശ്വസിപ്പിക്കാനാണ്. ഒരിക്കലും ഇങ്ങനെ ഒരു ദിവസം വന്നു ചേരുമെന്ന് ഓര്‍ത്തിട്ടേയില്ല. അവളുടെ കൂട്ടുകാരിയെന്ന നിലയിലല്ലാതെ വിമലയെ ഒരിക്കലും കണ്ടിരുന്നില്ല. ഒരു നിമിഷം പോലും മറ്റൊന്ന് ചിന്തിച്ചിട്ടില്ല. എന്നിട്ടും എങ്ങനെ ഇത് സംഭവിച്ചു? ഒരിക്കലും ഒന്നിനു മുന്നിലും കുനിയാത്തതെന്ന് സ്വയം ഏറെ അഭിമാനിച്ചിരുന്ന ശിരസ് വെറും മണ്ണിലേയ്ക്കു വീണു പോവുകയായിരുന്നു. ഒടുവില്‍ ആരോടും ഒന്നും പറയാനില്ലാതെ ഇറങ്ങിയതാണ്. പോകുന്നത് ഒരു സുഹൃത്തിന്‍റെ അരികിലേക്കാണ്. കൂടുതല്‍ ഒന്നും ആലോചിക്കാനില്ല, ഇപ്പോള്‍. വരുന്നിടത്ത് വെച്ച് കാണാം. നിനച്ചിരിക്കാതെ ഓരോ ആഘാതങ്ങള്‍ തന്നിട്ട് കയ്യും കെട്ടി നോക്കി നില്‍ക്കുകയാണല്ലോ ജീവിതം.
സലില്‍ പറഞ്ഞു നിര്‍ത്തി. അയാള്‍ വെറുതെ വണ്ടിയുടെ കിളി വാതിലിനപ്പുറമുള്ള ഇരുട്ടിലേക്ക് നോക്കിക്കൊണ്ടിരുന്നു. വാച്ചില്‍ സമയം പതിനൊന്നര. ഇടക്ക് ഉറക്കമുണര്‍ന്നപ്പോള്‍ എതിരെയുള്ള സീറ്റില്‍ അയാളെ തന്നെ ഉറ്റ് നോക്കിക്കൊണ്ട് ഒരു ചെറുപ്പക്കാരന്‍ ഇരിക്കുന്നുണ്ടായിരുന്നു. മെലിഞ്ഞ് നീണ്ട, കണ്ണാടി വെച്ചിരിക്കുന്ന ഒറ്റ നോട്ടത്തില്‍ പാവം തോന്നുന്ന ഒരാള്‍. ചെറുപ്പക്കാരന്‍ ദയനീയമായി ചീരിച്ചു. 'ഹലോ'
മറുപ ടി യായി അയാള്‍ ചിരിച്ചുവെന്ന് വരുത്തിയതേയുള്ളൂ.
'ഞാന്‍ സലില്‍'
ചെറുപ്പക്കാരന്‍ ധാരാളം സംസാരിക്കുന്ന കൂട്ടത്തിലാണെന്ന് അയാള്‍ക്ക് പെട്ടെന്ന് മനസിലായി. ഏതായാലും ഇനി കുറ്ച്ച് സമയത്തേക്ക് ഉറങ്ങുമെന്ന് തോന്നുന്നില്ല. മിക്കപ്പോഴും മൂളലുകള്‍ മാത്രമായിരുന്നു അയാളുടെ പ്രതികരണമെങ്കിലും സലില്‍ എന്ന ചെറുപ്പക്കാരന്‍ നല്ല ആവേശത്തിലായിരുന്നു. സംസാരം പല വിഷയങ്ങളിലൂടെയും കടന്നു പൊയ്ക്കൊണ്ടിരുന്നുവെങ്കിലും ഓരോന്നും അവസാനിക്കുന്നത് ചെറുപ്പക്കാരന്‍റെ സ്വന്തം ജീവിതവുമായി ബന്ധപ്പെട്ടുകൊണ്ടാണ്. അയാളെ അല്പം വിസ്മയിപ്പിച്ഛ ഒരു സംഗതി, സലില്‍ അയാളെപ്പറ്റി അധികമൊന്നും ചോദിച്ചതേയില്ല എന്നതാണ്, അയാളുടെ പേരു പോലും ചോദിച്ചുവോ എന്ന് ഓര്‍മിക്കാന്‍ സലിലിന്‍റെ വാ തോരാത്ത സംസാരത്തിനിടയില്‍ത്തന്നെ അയാള്‍ ശ്രമിച്ചു നോക്കി.
ഇടക്ക് വളരെപ്പെട്ടെന്നാണ് സലില്‍ തന്‍റെ യാത്രയെപ്പറ്റി സംസാരിച്ച് തുടങ്ങിയത്. അയാള്‍ ഒരു പെണ്‍കുട്ടിയോടൊപ്പം താമസിച്ചു വരികയായിരുന്നു. ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ തന്നെ. എന്നാള്‍ അവര്‍ വിവാഹം കഴിച്ചിരുന്നില്ല. ഒരു പക്ഷെ താമസിയാതെ വിവാഹം കഴിക്കാം എന്ന് പ്ലാനുണ്ടായിരുന്നു. പൊതുവെ അതെപ്പറ്റി പരസ്പരം സംസാരിക്കുന്നതില്‍ അവര്‍ക്ക് ഇരുവര്‍ക്കും അധികം താല്പര്യമുണ്ടായിരുന്നില്ല പോലും. പിന്നീടെപ്പോഴോ പെണ്‍കുട്ടിയുടെ ഒരു കൂട്ടുകാരിയുമായി അയാള്‍ പരിചയപ്പെട്ടു. ആ പരിചയപ്പെടല്‍ ഒടുവില്‍ ഇങ്ങനെ വേര്‍പിരിഞ്ഞ ഒരു യാത്രയിലേക്ക് അയാളെ കൊണ്ടു ചെന്നെത്തിക്കുകയായിരുന്നു.
നിങ്ങളുടെ ഭാഗത്ത് എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ ആ പെണ്‍കുട്ടിയോട് അത് തുറന്ന് പറഞ്ഞ് മാപ്പ് അപേക്ഷിച്ചു കൂടെ, നിങ്ങള്‍ രണ്ടാളും ഇത്രയും നാള്‍ ഒരുമിച്ച് കഴിഞ്ഞതല്ലെ? കൂടാതെ ഒരു പക്ഷെ നിങ്ങള്‍ക്ക് വിവാഹിതരാകാനും പ്ലാനുണ്ടായിരുന്നെന്നല്ലെ പറഞ്ഞത്. അയാള്‍ എല്ലാം കേട്ടിട്ട് എന്തെങ്കിലും പറയണമല്ലോ എന്ന മട്ടില്‍ ചോദിച്ചു.
ഒന്നും സാധിച്ചില്ല. അത്രയധികമാണ് എന്‍റെ തെറ്റെന്ന് ഞങ്ങള്‍ക്ക് ഇരുവര്‍ക്കും അറിയാം. തെറ്റ് സംഭവിച്ച ശേഷം പിന്നീട് മാപ് പറയുന്നതില്‍ എന്താണര്‍ഥം?
അയാള്‍ക്ക് പിന്നീട് ഒന്നും സംസാരിക്കാന്‍ കഴിഞ്ഞില്ല. സലില്‍ എഴുന്നേല്‍ക്കുന്നതും സീറ്റിന്‍റെ ഒരറ്റത്ത് കയ്യിലുള്ള ചെറിയ ബാഗെടുത്ത് വെച്ച് അതില്‍ തല ചായ്ക്കുന്നതും കണ്ടപ്പോള്‍ അയാള്‍ കയ്യെത്തിച്ച് സ്വിച്ച് ഓഫ് ചെയ്തു.
ഉണരുമ്പോള്‍ പുറത്ത് നിന്നുള്ള പ്രകാശം അപ്പുറത്തെവിടെയോ തുറന്ന് കിടന്നിരുന്ന ഏതോ ജാലകത്തിലൂടെ വണ്ടിയിലേക്ക് അരിച്ചെത്തുന്നുണ്ടായിരുന്നു. അയാള്‍ പെട്ടെന്ന് താഴെ മറുവശത്തെ സീറ്റിലേക്ക് നോക്കി. അവിടം വിജനമായിരുന്നു. ഇടക്കെവിടെയെങ്കിലും വണ്ടി നിര്‍ത്തിയപ്പോള്‍ സലില്‍ എന്ന ചെറുപ്പക്കാരന്‍ ഇറങ്ങിയിട്ടുണ്ടാകും. അങ്ങറ്റത്ത് ചില സീറ്റുകളില്‍ ആളുള്ളതൊഴിച്ചാല്‍ കമ്പാര്‍ട്ട് മെന്‍റ് ശൂന്യമായിരുന്നു.
സലില്‍ ഇറങ്ങിയത് എവിടെ ആയിരിക്കും. കാരണമില്ലാത്ത ആ കൗതുകം അയാളെ അസ്വസ്ഥനാക്കി.
അല്പ നേരത്തിനു ശേഷം ടി ടി ആര്‍ വന്നപ്പോള്‍ സലില്‍ എന്ന യാത്രക്കാരന്‍ ഏത് സ്റ്റേഷനിലാണിറങ്ങിയതെന്ന് ചോദിക്കാതിരിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല.
സലില്‍? ആ പേരില്‍ ഒരാള്‍ ഈ കമ്പാര്‍ട്ട്മെന്‍റില്‍ സീറ്റെടുത്തിട്ടില്ല. ഇടയില്‍ ആരും കയറിയിട്ടില്ലെന്നുറപ്പാണ്. എട്ടരക്ക് നിര്‍ത്തിയ ശേഷം വണ്ടി ഓടുക തന്നെയായിരുന്നു. ഈ കമ്പാര്‍ട്ട് മെന്‍റില്‍ നിന്ന് അപ്പുറത്തുള്ളവയിലേക്കാണെങ്കില്‍ പാസേജുമില്ല.
അയാളുടെ നിര്‍ബന്ധത്തിന് യാത്രക്കാരുടെ ലിസ്റ്റ് പരിശോധിച്ച ശേഷം ടി ടീ ആര്‍ മുരണ്ടു.
അങ്ങനെ ഒരാള്‍ ഇവിടെ വന്നിരുന്നില്ല? ഇത് ഒരു പ്രേതകഥ പോലെയുണ്ടല്ലോ. അതോ സ്വപ്നമോ? അയാള്‍ സ്വയം തിരുത്താന്‍ ശ്രമിച്ച് പരാജയപ്പെട്ടു.
ഇറങ്ങിയപ്പോള്‍ തന്നെ കുട്ടികള്‍ ഓടിവരുന്നതും തിടുക്കപ്പെട്ട് അവളും പിന്നാലെ വരുന്നതും അയാള്‍ കണ്ടു.
ഇതെന്താ നിങ്ങള്‍ വല്ലാതെയിരിക്കുന്നത്, ഉറങ്ങിയില്ലേ?
അയാളുടെ കയ്യില്‍ നിന്ന് ബാഗ് വാങ്ങിക്കൊണ്ട് ഭാര്യ അയാളോട് ചോദിച്ചു.
അയാള്‍ വിമ്മിഷ്ടപ്പെടുന്നുണ്ടായിരുന്നു. പെട്ടി കുട്ടികള്‍ ഒരുമിച്ച് ഉരുട്ടിക്കൊണ്ട് പോകുന്നത് പിന്തുടരുമ്പോള്‍ അയാള്‍ ഉറക്കെപ്പറഞ്ഞു:
നീ എന്നോട് പൊറുക്കണം
അവള്‍ ഒന്ന് നിന്നു.
എന്താ, വണ്ടി അധികം താമസിച്ചിട്ടൊന്നുമില്ല. ഞങ്ങള്‍ വന്നിട്ട് അര മണിക്കൂറായതേയുള്ളൂ.
നീ പൊറുക്കണം
കുട്ടികള്‍ നിന്നു, അയാളെയും ഭാര്യയെയും തിരിഞ്ഞ് നോക്കി.
എന്താ അഛാ?
മൂത്ത കുട്ടി വിളിച്ച് ചോദിച്ചു.
ഒന്നുമില്ലാ മോനേ, അഛന്‍ ഇന്നലെ ഉറങ്ങാതെയിരുന്നിട്ട് ഇപ്പോള്‍ ഓരോന്ന് പറയുകയാണ്
ഭാര്യ അമ്പരപ്പേതുമില്ലാതെ പറയുന്നത് കേട്ട് അയാള്‍ വീണ്ടും പറഞ്ഞു:
ഞാന്‍ നിന്‍റെ കൂട്ടുകാരിയുമായി അടുപ്പത്തിലായിരുന്നു, നീ പൊറുക്കണം
അപ്പോള്‍ ഭാര്യയുടെ ശബ്ദം ഉയര്‍ന്നത് അയാള്‍ ഇങ്ങനെ കേട്ടു : നീ പച്ചമരമാകുന്നു
നീ എന്താ പറഞ്ഞത്?
ഞാന്‍ ഒന്നും പറഞ്ഞില്ലാന്നെ. നിങ്ങള്‍ ഉറങ്ങാതെ ഇരുന്നിട്ട് ഓരോന്ന് പറയുകയാണ്.
പെട്ടി ഉരുട്ടിക്കൊണ്ട് കുട്ടികളും അയാളുടെ ബാഗും പിടിച്ച് ഭാര്യയും നടക്കുന്നതു പിന്തുടര്‍ന്നു കൊണ്ട് അയാള്‍ പിറുപിറുത്തു:
ഞാന്‍ പച്ചമരമാണ്
Monday, July 25, 2011
അബലം
തിക്കിത്തിരക്കുന്നവരില്‍ ഒരാളായി അമര്‍ന്ന് നീങ്ങുമ്പോഴും മനസ് വിങ്ങലൂറുന്ന ഒരു മുറിവായ്. എപ്പോഴും കാണണമെന്ന് ആഗ്രഹിക്കുന്ന എല്ലാം പിന്നോട്ടോടുന്നതായും അവ ആത്മാവിന്റെ നനുത്ത ത്വക്ക് ഉരിഞ്ഞു കൂടെ കൊണ്ടു പോകുന്നതായും അനുഭവപ്പെട്ടു. പിന്നോട്ട് ഓടിപ്പോകാന്‍ ആയുമ്പോഴെല്ലാം മുന്നോട്ട് മുന്നോട്ട് എന്ന ഹുങ്കാരം ചുറ്റിലും നിന്ന് കെട്ടിപ്പിണഞ്ഞു. ശരീരം ഉടുപ്പെന്ന പോലെ വേര്‍പെടുത്തപ്പെടുന്നതിനായി എന്തും ചെയ്യാന്‍ തയ്യാറെന്ന് എത്ര തവണ ഓര്‍ത്തതാണ്. ഒന്നും നടന്നില്ല. എല്ലാം അബലം.
അമ്മേ, ഞാന്‍ ഒന്ന് കരയട്ടേയെന്നായിരുന്നു ഫോണിലേക്കുള്ള മൂളലിലൂടെ പറഞ്ഞത്.
മറുവശത്ത് അമ്മ അതറിഞ്ഞിരിക്കാം.
അമ്മേ, ഞാന്‍ ഒന്ന് കരയട്ടേയെന്നായിരുന്നു ഫോണിലേക്കുള്ള മൂളലിലൂടെ പറഞ്ഞത്.
മറുവശത്ത് അമ്മ അതറിഞ്ഞിരിക്കാം.
Tuesday, July 5, 2011
കാറ്റിന്‍ ചതികള്‍
ആര്‍ത്ത മേഘങ്ങളുടെ ഇടയ്ക്കിടെ മായുന്ന സൂര്യരാശിയില്‍ കണ്ണന്‍ നിന്ന് തിളങ്ങി. നോക്കെത്തുന്ന ദൂരം ആരുമുണ്ടായിരുന്നില്ല. കണ്ണനും കടല്‍ക്കരയും കാറ്റും പിശറും മാത്രം. മഴ വന്ന് വീഴുമെന്ന് തോന്നിക്കുന്ന ആക്സ്മികത.
ഈ കണ്ണു നീര്‍ എന്റെ സ്വപ്നത്തിന്റേതാണ്, കുട്ടിയെ ഒരുക്കുന്നതിനിടെ രേണുക ഉറക്കെപ്പറഞ്ഞു. കുട്ടി അനങ്ങാതെ നില്‍ക്കുകയായിരുന്നു. വലിയ കളിപ്പാട്ടങ്ങള്‍ ഒപ്പം കൂട്ടാനാവില്ല എന്നതു മുതല്‍ കുട്ടി അസ്വസ്ഥനായിരുന്നു. കണ്ണന്‍ കടലിനപ്പുറത്തേക്ക് നോക്കുവാനായി ശ്രമിച്ചു. രേണുക പറയുന്നതെല്ലാം കാറ്റിനു സമര്‍പ്പിച്ചു കൊണ്ട് അയാള്‍ ഇറങ്ങി നടന്നു. മഴയുടെ ആരവം കേള്‍ക്കാന്‍ അയാള്‍ക്ക് കൊതി തോന്നി. പക്ഷെ മഴ വന്നതേയില്ല.
കണ്ണനു പ്രിയപ്പെട്ടതെല്ലാം ഏതോ ഒരു തുരുത്തില്‍ കിടക്കുകയായിരുന്നു. അയാള്‍ സ്വന്തമാക്കി വച്ചിരുന്ന എല്ലാം ആ തുരുത്തിലെ കൊച്ചു കൊച്ചു കാറ്റുകളില്‍ പറന്നു കളിച്ചു. അവിടെ എവിടെയോ അയാള്‍ അവളെ കുടിയിരുത്തിയിരുന്നു. അവളുടെ നിലപ്പാവാട ആ തുരുത്തിലെ മണ്ണിലൂടെ അനുദിനം ഇഴഞ്ഞു. അയാള്‍ വന്നു ചേരുവോളം അവള്‍ ആ തുരുത്തിലൂടെ അലഞ്ഞു. അയാള്‍ വന്നതുമില്ല.
അയാളും മഴയും വരാതെയിരുന്നിട്ടും അവള്‍ പൂത്തുലഞ്ഞു നിന്നു. അവളുടെ തണലിലൂടെ വീശുന്ന കാറ്റുകള്‍ക്ക് ഉന്മേഷമുണ്ടായിരുന്നു. ആ തുരുത്തിലെ പൂക്കള്‍ എന്നും പച്ചയായി നിന്നു. അവിടെ ശലഭങ്ങളും തേനീച്ചകളും ഉണ്ടായിരുന്നില്ല. കാറ്റുകള്‍, കാറ്റുകള്‍ മാത്രം.
കണ്ണന്‍ രേണുകയെ വിട്ടു പോന്ന ശേഷം ഏഴു വര്‍ഷം മറവിയില്‍. തുരുത്തുകള്‍ക്കും കടലുകള്‍ക്കും ഇടയില്‍ അയാള്‍ സഞ്ചരിച്ചു കൊണ്ടിരുന്നു. ചിലപ്പോഴെല്ലാം ആരുടെയോ മോഹങ്ങള്‍ തട്ടിയെടുക്കാന്‍ വന്ന കടല്‍ക്കൊള്ളക്കാരനെപ്പോലെ അയാള്‍ ഭാവം മാറുന്നുണ്ടായിരുന്നു. അയാള്‍ എന്നും ഒരു പോര്‍ക്കത്തി കരുതി വെച്ചു. എല്ലാ ആഴ്ചയിലും ആ കത്തി കൊണ്ട് ഇടതു കൈത്തണ്ടില്‍ വരഞ്ഞു വെച്ചു. പോകെപ്പോകെ അയാള്‍ക്ക് ഉഗ്രഭാവം കൈവരികയായിരുന്നു. ആ കൈത്തണ്ട് കാണുന്ന സ്ത്രീകള്‍ മോഹാലസ്യപ്പെട്ടു. കൂട്ടുകാര്‍ അയാളില്‍ നിന്ന് അകലം പാലിച്ചു തുടങ്ങുകയും ചെയ്തു.
കണ്ണന്റെ കപ്പല്പ്പായയില്‍ ബലം പിടിക്കുന്ന കാറ്റുകള്‍ അയാളെ എന്നും സമുദ്രത്തില്‍ തന്നെ നിര്‍ത്തി. അവ ഒരു തീരത്തേക്കും അയാളെ കൊണ്ടു പോയില്ല. കടലിന്റെ മണം അയാളുടെ ശ്വാസത്തിലും ത്വക്കിലും നിറയട്ടെയെന്ന അവ അയാളെ ശപിച്ചിരിക്കണം. എല്ലാ ഭൂഖണ്ഡങ്ങളിലും നിന്ന് ആളുകള്‍ അയാളെ അന്വേഷിക്കുണ്ട്. അയാള്‍ അടുക്കുന്ന തീരങ്ങളെല്ലാം കാഴ്ചയുടെ മായ കൊണ്ട് അയാളില്‍ നിന്ന് ഒളിച്ചു കളിക്കുകയാണ്.
ഒടുവില്‍ സുഷിരമുള്ള ഒരു വലിയ ചാറയിലേക്ക് അയാള്‍ ഒരു കാറ്റിനെ നിക്ഷേപിച്ചു. ആ കഥ പറയുന്നുണ്ട്, മറ്റൊരു ദിവസം.

Subscribe to:
Posts (Atom)