Wednesday, August 11, 2010

വെണ്ണീറിന്റെ മണം

മൂത്തപ്പയുടെ രണ്ടാം മുണ്ട് തല്ലിക്കീറാന്‍ ജാനു വന്ന ദിവസമായിരുന്നു. മൂത്തപ്പ ക്ലാഞ്ഞില്‍ത്തുമ്പ് മടക്ക് കത്തിക്ക് ശരിപ്പെടുത്തി പല്ലില്‍ ഉരയ്ക്കുന്നതിനിടയില്‍ വിളിച്ച് ചോദിച്ചു ജാന്വോ, രണ്ടീസം നീയെവ്ടെ തൊലഞ്ഞെടക്കേര്‍ന്ന്


ഓ, നാനാരെ ങ്ങള് മുണ്ടാണ്ടിരുന്നോളി, കുടീലു രണ്ട് പൈതങ്ങളെ ഒറക്കിക്കെടത്തീട്ടാ ഞാന് ഇത്ത്റടം വന്നേക്ക്ണ്. അത്ങ്ങള്‍ ഒണരണേന് മൊമ്പ് പോണം നിക്ക്

പിന്നെ മൂത്തപ്പ മിണ്ടിയില്ല ക്ലാഞ്ഞില്‍ തുണ്ടില്‍ ഇളന്നീരുണ്ടെന്ന പോലെ അത് കടിച്ച് പിടിച്ച് രുചിച്ച്, ഇടക്ക് തന്റെ കാലില്‍ കടിച്ച മിശ്റുകളെ തൂത്ത് കൊന്ന് വെണ്ണീറു മുക്കിയ തുണി ജാനു അലക്കു കല്ലിലിടുന്നത് നോക്കി നിലത്തേക്ക് തന്നെ കുത്തിയിരുന്നു.

മൂത്തപ്പയുടെ മൊട്ടത്തലയാണ് അലക്ക് കല്ലെന്ന് പുലമ്പിക്കൊണ്ട് ജാനു തുണി കുളത്തില്‍ മുക്കി അതില്‍ വീശിയടിച്ചു. വെണ്ണീറിന്റെ മണം നാലു പാടും പരന്നു. ജാന്വോ, നെണക്ക് എന്താണ്ടടി പിരാന്താ ന്റെ മൊണ്ട് തല്ലിക്കീറണ്

ന്നാ, ഞാന്‍ പോട്ട്, ങ്ങള് തന്നെ തല്ലിയുണക്കിക്കോളിന്ന്

എനി അടുത്ത ഓണത്തിനല്ലേടിയെനിക്കൊര് മുണ്ട് കിട്ടണത്. അത് വരെ നാലു വഴി കൂടണടത്ത് പോകാന്‍ വേറെയില്ലാത്തോണ്ടല്ലെടിയെ

പിന്നെ ജാനു ഒന്നുമുരിയാടിയില്ല. മൂത്തപ്പ ക്ലാഞ്ഞിലിന്റെ രുചിയിലും അലക്കിന്റെ താളത്തിലും ലയിച്ച് തൈത്തെങ്ങില്‍ ചാരിയിരുന്ന് മയങ്ങിപ്പോയി.

തുണി പിഴിഞ്ഞ് മണലില്‍ വിരിച്ച് ജാനു തിരിഞ്ഞു നോക്കുമ്പോഴും മുത്തപ്പ തെങ്ങില്‍ ചാരിയിരിപ്പുണ്ട്. ഉറക്കമോ ഈ ഉച്ചക്ക്? നാനാരേ..നാനാരേ..

മിണ്ടാട്ടമില്ല. പല്ല് തേപ്പ് തീര്‍ക്കാതെ തെങ്ങില്‍ ചാരിയിരുന്നുറങ്ങുന്ന മടിയന്‍. നാനാരേ നാനാരേ..ജാനു വീണ്ടും വിളിച്ചു. ഞാ ബ്ടിണ്ടെടീ ജാന്വേ.. തൊള്ള വയ്ക്കാതെന്ന് മുത്തപ്പ പറഞ്ഞതൊന്നും ജാനു കേട്ടില്ല. നാനാരേ നാനാരേ..ജാനു വീണ്ടും വീണ്ടും വിളിച്ചു.

അനക്കല്ലമില്ലല്ലോ ന്റെ ദേവീ, ജാനു വിളറി വെളുത്തു. അടുത്ത തൊടിയില്‍ വാഴയ്ക്കു വളം ചേര്‍ക്കുന്ന കണാരനെ വിളിച്ച് ജാനു അലറി. കണാരേട്ടാ, നാനാരു മിണ്ടണില്ലാ, ഒന്നോടീ വായോ..വേലിപ്പഴുതു ചാടി കണാരനെത്തി. പെട്ടെന്ന് കുളത്തില്‍ കയ്യ് മുക്കി വളം കഴുകി മുത്തപ്പയെ തൊട്ട് വിളിച്ചു. മുത്തപ്പാ മുത്തപ്പാ. ഞാ ബ്ട്ണ്ടടാ, ഓളക്ക് പിരാന്താ, ന്തെനേ ഓള്‍ നെലോളിക്കണ്..കണാരനും അത് കേട്ടില്ല.

പറയുന്നതൊന്നും ആരും കേള്‍ക്കണില്ലാല്ലോ...ന്താ പറ്റീതെന്ന് മുത്തപ്പ ഓര്‍ക്കുമ്പോഴേക്കും പുഴയില്‍ കുളിച്ചു കൊണ്ടിരുന്നവരും കണാരന്റെ കൂക്കുവിളിയില്‍ ഉച്ചമയക്കം നടുങ്ങിയുണര്‍ന്നവരുമായ നാലഞ്ചാളു വന്ന് ആരോ കൊണ്ടുവന്ന ചാരുകസാലയില്‍ എടുത്ത് കിടത്തി ചുമന്നു കൊണ്ട്...

ജാനുവിന്റെ അസഹ്യമായ കീറ്റ് വീളിയില്‍ ദേഷ്യത്തോടെ ചെവി പൊത്തിക്കൊണ്ട് മൂത്തപ്പയും നീങ്ങിപ്പോകുന്ന ചാരുകസാലക്കൂട്ടത്തെ വേഗം അനുഗമിച്ചു. എതിരെ വരുന്നവരൊക്കെ, എന്താ, ആരാ എന്ന് ചോദിക്കുന്നുണ്ട്. ചിലര്‍ ഒപ്പം കൂടുകയും, പെണ്ണുങ്ങള്‍ മറ്റ് ജോലിയൊന്നുമില്ലാത്ത കൈ കൊണ്ട് വായപൊത്തി വിഷണ്ണരാകുകയും...

വൈദ്യരേ വൈദ്യരേ... പണിപ്പെട്ട് ചാരുകസാല ചുമക്കുന്നവരെ മറികടന്ന് വേഗം പോന്ന മുത്തപ്പ വൈദ്യരുടെ വളപ്പിലേക്ക് കടക്കുന്നതിനിടെ വിളിച്ചു. ഇയ്യാളെന്താ, കഞ്ഞിയിലേക്ക് തന്നെ നോക്കി മിഴിച്ചിരിക്കുന്നത്? കേള്വി കുറഞ്ഞിരിക്കുന്നു വയസന്.

കണാരന്‍ വിളിച്ച് പറഞ്ഞ് വളപ്പു കടന്നപ്പോള്‍ വൈദ്യര്‍ കിണ്ണത്തിലേക്കു കൈ കുടഞ്ഞ് എണിറ്റു. ഒരു തുള്ളി വെള്ളത്തില്‍ കൈ നനച്ച് വന്നവര്‍ നിലത്തുവെച്ച കസേരയില്‍ കുനിഞ്ഞ് കണ്‍ പോളകള്‍ നിവര്‍ത്തിയിട്ട് മൂളീ. കണാരനെ തലയാട്ടിക്കാണിച്ച് കോലായ കടന്നു പോയി.

വന്നവരൊക്കെ കൂടി നില്‍ക്കുന്നതിനിടയില്‍ മുത്തപ്പ തലയെത്തിച്ച് നോക്കി. ആരാ ഈ കസാലയില്‍..

കണാരന്‍ കൂടെയുള്ളവരോട് എന്തൊക്കെയോ പറയുന്നതും ആരോ കാറ് വിളിക്കാനെന്ന് പറഞ്ഞ് ഓടുന്നതും.

മുത്തപ്പ ആകാശത്തു കാല്‍ ഉറപ്പിച്ച് പണിപ്പെട്ട് കൊണ്ട് കണാരന്റെ കാതോളം കുനിഞ്ഞ് പതിഞ്ഞ് ചോദിച്ചു: കണാരാ, എന്താ.. എന്തുപറ്റി എനിക്ക്?

3 comments:

bhagya said...

ithu kollaam..nalla katha

Anonymous said...

Very good. Please share your blog with Malayalam Leading Social Networking as well: http://www.koottu.com

Anonymous said...

"കണാരാ, എന്താ.. എന്തുപറ്റി എനിക്ക്?".